യോഹ. 12:23-36

യോഹ. 12:23-36 IRVMAL

യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും. തന്‍റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; എന്നാൽ ഇഹലോകത്തിൽ തന്‍റെ ജീവനെ വെറുക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നിടത്ത് എന്‍റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിയ്ക്കും. ഇപ്പോൾ എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്ത് പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്ക് വന്നിരിക്കുന്നു. പിതാവേ, നിന്‍റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്ന്: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും” എന്നൊരു ശബ്ദം ഉണ്ടായി. അത് കേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: “ഇടി ഉണ്ടായി“ എന്നു പറഞ്ഞു; മറ്റുചിലർ: “ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു“ എന്നു പറഞ്ഞു. അതിന് യേശു: ഈ ശബ്ദം എന്‍റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്. ഇപ്പോൾ ഈ ലോകത്തിന്‍റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. ഇതു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ. പുരുഷാരം അവനോട്: “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ?“ എന്നു ചോദിച്ചു. അതിന് യേശു അവരോട്: ഇനി കുറച്ചുകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്ക് വെളിച്ചം ഉള്ളിടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ. നിങ്ങൾ വെളിച്ചത്തിൻ്റെ മക്കൾ ആകേണ്ടതിന് വെളിച്ചം ഉള്ളിടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.

യോഹ. 12:23-36 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും