പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്‍റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ യേശു നടന്നുപോകുന്നത് കണ്ടിട്ട്; “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്“ എന്നു പറഞ്ഞു. അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നത് കണ്ടിട്ട് അവരോട്: നിങ്ങൾക്ക് എന്ത് വേണം? എന്നു ചോദിച്ചു; അവർ: “റബ്ബീ, നീ എവിടെ താമസിക്കുന്നു?“ എന്നു ചോദിച്ചു. അവൻ അവരോട്: വന്നുകാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ വന്നുകണ്ടു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നതുകൊണ്ട് അന്നു അവനോടുകൂടെ താമസിച്ചു. യോഹന്നാൻ പറഞ്ഞത് കേട്ടു യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രോസിന്‍റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. അവൻ ആദ്യം തന്‍റെ സഹോദരനായ ശിമോനെ കണ്ടു അവനോട്: “ഞങ്ങൾ മശീഹായെ എന്നുവച്ചാൽ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കിയിട്ട്; നീ യോഹന്നാന്‍റെ പുത്രനായ ശിമോൻ ആകുന്നു; നീ കേഫാ എന്നു വിളിക്കപ്പെടും, അതിന്‍റെ അർത്ഥം പത്രൊസ് എന്നാകുന്നു. പിറ്റെന്നാൾ യേശു ഗലീലയ്ക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു. ഫിലിപ്പൊസോ അന്ത്രെയാസിന്‍റെയും പത്രൊസിൻ്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു. ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോട്: “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നെ“ എന്നു പറഞ്ഞു. നഥനയേൽ അവനോട്: “നസറെത്തിൽനിന്ന് വല്ല നന്മയും വരുമോ?“ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട്: “വന്നു കാൺക“ എന്നു പറഞ്ഞു. നഥനയേൽ തന്‍റെ അടുക്കൽ വരുന്നത് കണ്ടിട്ട് അവനെക്കുറിച്ച് യേശു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ച് പറഞ്ഞു. നഥനയേൽ അവനോട്: “നീ എന്നെ എങ്ങനെ അറിയും?“ എന്നു ചോദിച്ചു. അതിന്: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു. നഥനയേൽ അവനോട്: “റബ്ബീ, നീ ദൈവപുത്രൻ ആകുന്നു, നീ യിസ്രായേലിന്‍റെ രാജാവ് ആകുന്നു“ എന്നു ഉത്തരം പറഞ്ഞു. യേശു അവനോട്: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോട് പറകകൊണ്ട് നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയത് കാണും എന്നു ഉത്തരം പറഞ്ഞു.
യോഹ. 1 വായിക്കുക
കേൾക്കുക യോഹ. 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹ. 1:35-50
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ