യിരെ. 38:14-28

യിരെ. 38:14-28 IRVMAL

അതിന്‍റെശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്‍റെ അടുക്കൽ വരുത്തി. രാജാവ് യിരെമ്യാവിനോട്: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത്” എന്നു കല്പിച്ചു. അതിന് യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ അത് ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരാലോചന പറഞ്ഞു തന്നാൽ എന്‍റെ വാക്കു കേൾക്കുകയില്ലല്ലോ” എന്നു പറഞ്ഞു. സിദെക്കീയാരാജാവ്: “ഈ പ്രാണൻ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കുകയുമില്ല” എന്നു യിരെമ്യാവിനോട് രഹസ്യമായി സത്യംചെയ്തു. അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുകയുമില്ല; നീയും നിന്‍റെ ഗൃഹവും ജീവനോടെ ഇരിക്കും. നീ ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ല എങ്കിൽ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീവച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്ന് രക്ഷപെടുകയുമില്ല” എന്നു പറഞ്ഞു. സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “കൽദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു” എന്നു പറഞ്ഞു. അതിന് യിരെമ്യാവ് പറഞ്ഞത്: “അവർ നിന്നെ ഏല്പിക്കുകയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു ശുഭമായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും. പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടു ഇതാണ്: യെഹൂദാരാജാവിന്‍റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്ത് ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്‍റെ ചങ്ങാതിമാർ നിന്നെ വശീകരിച്ച് തോല്പിച്ചു; നിന്‍റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു” എന്നു അവർ പറയും. നിന്‍റെ സകലഭാര്യമാരെയും മക്കളെയും പുറത്ത് കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് രക്ഷപെടാതെ ബാബേൽരാജാവിന്‍റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിനു നീ കാരണക്കാരനാകും.” സിദെക്കീയാവ് യിരെമ്യാവിനോട് പറഞ്ഞത്: “ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കുകയില്ല. ഞാൻ നിന്നോട് സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്‍റെ അടുക്കൽവന്ന്: ‘നീ രാജാവിനോട് എന്ത് സംസാരിച്ചു? ഞങ്ങളോടു പറയുക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോട് എന്ത് സംസാരിച്ചു’ എന്നിങ്ങനെ ചോദിച്ചാൽ, നീ അവരോട്: ‘യോനാഥാന്‍റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കുകയായിരുന്നു’ എന്നു പറയേണം.” സകലപ്രഭുക്കന്മാരും യിരെമ്യാവിന്‍റെ അടുക്കൽവന്ന് അവനോട് ചോദിച്ചപ്പോൾ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; രാജാവുമായുള്ള സംഭാഷണം ആരും കേട്ടിരുന്നില്ല; അതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി. യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവൽപ്പുരമുറ്റത്തു താമസിച്ചു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.