ന്യായാ. 8:27-35

ന്യായാ. 8:27-35 IRVMAL

ഗിദെയോൻ അതുകൊണ്ട് ഒരു എഫോദ് ഉണ്ടാക്കി തന്‍റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം യഹോവയെ വിട്ട് ആരാധനയ്ക്ക് അതിന്‍റെ അടുക്കൽ ചെന്നു; അത് ഗിദെയോനും അവന്‍റെ കുടുംബത്തിനും ഒരു കെണിയായി തീർന്നു. എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽ മക്കൾക്ക് കീഴടങ്ങിപ്പോയി. ഗിദെയോന്‍റെ കാലത്ത് ദേശത്തിന് നാല്പതു വർഷം സ്വസ്ഥതയുണ്ടായി. യോവാശിന്‍റെ മകനായ യെരുബ്ബാൽ തന്‍റെ വീട്ടിൽ ചെന്നു സുഖമായി പാർത്തു. ഗിദെയോന് വളരെ ഭാര്യമാർ ഉണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നെ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു. ശെഖേമിലുള്ള അവന്‍റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക്ക് എന്നു അവൻ പേരിട്ടു. യോവാശിന്‍റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്‍റെ അപ്പനായ യോവാശിന്‍റെ കല്ലറയിൽ അടക്കം ചെയ്തു. ഗിദെയോൻ മരിച്ചശേഷം യിസ്രായേൽ മക്കൾ വീണ്ടും യഹോവയെ വിട്ട് ബാൽവിഗ്രഹങ്ങളെ ആരാധിച്ചു; ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു. യിസ്രായേൽ മക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യിൽനിന്ന് തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല. ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിനു ചെയ്ത എല്ലാ നന്മയ്ക്കും തക്കവണ്ണം അവന്‍റെ കുടുംബത്തോട് ദയ ചെയ്തതുമില്ല.