ന്യായാ. 6:3-16

ന്യായാ. 6:3-16 IRVMAL

യിസ്രായേൽ ധാന്യം വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവർക്ക് എതിരായി വന്നിരുന്നു. അവർ യിസ്രയേലിന് വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിച്ചിരുന്നു. യിസ്രായേലിനു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിച്ചിരുന്നില്ല. അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വന്ന് ദേശത്ത് കടന്ന് നാശം ചെയ്തിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു. ഇങ്ങനെ മിദ്യാന്യർ നിമിത്തം യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു. യിസ്രായേൽ മക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ ഒരു പ്രവാചകനെ യിസ്രായേൽ മക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോട് പറഞ്ഞത്: “യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്ന് പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്ന് നിങ്ങളെ കൊണ്ടുവന്നു; മിസ്രയീമ്യരിൽ നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരിൽ നിന്നും ഞാൻ നിങ്ങളെ വിടുവിച്ച് അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്ക് തന്നു. യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെ ഭജിക്കരുത് എന്നും ഞാൻ നിങ്ങളോട് കല്പിച്ചു; എന്നാൽ നിങ്ങളോ എന്‍റെ വാക്ക് കേട്ടനുസരിച്ചില്ല.” അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്‍റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്‍റെ മകനായ ഗിദെയോൻ ഗോതമ്പ് മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കുകയായിരുന്നു. യഹോവയുടെ ദൂതൻ അവന് പ്രത്യക്ഷനായി: “അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്” എന്ന് അവനോട് പറഞ്ഞു. ഗിദെയോൻ അവനോട്: “അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെയും ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്ന് അത്ഭുതകരമായി കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്‍റെ അത്ഭുതങ്ങൾ എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ച് മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ“ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: “നിന്‍റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരിൽ നിന്ന് രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നത്“ എന്നു പറഞ്ഞു. അവൻ യഹോവയോട്: “അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്‍റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവെച്ച് ഞാൻ ചെറിയവനും അല്ലോ“ എന്നു പറഞ്ഞു. യഹോവ അവനോട്: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോല്പിക്കും“ എന്നു കല്പിച്ചു.