യാക്കോ. 3:2-11
യാക്കോ. 3:2-11 IRVMAL
നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുവൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആയി, തന്‍റെ ശരീരത്തെ മുഴുവനും കടിഞ്ഞാണിടുവാൻ കഴിവുള്ളവൻ ആകുന്നു. കുതിരയെ അനുസരിപ്പിക്കുവാൻ വായിൽ കടിഞ്ഞാൺ ഇടുന്നതിനാൽ അതിന്‍റെ ശരീരം മുഴുവനും നാം തിരിക്കുന്നുവല്ലോ. കപ്പലും, എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു താൻ ആഗ്രഹിക്കുന്ന ദിക്കിലേക്ക് തിരിക്കുന്നു. അങ്ങനെ തന്നെ നാവും ചെറിയ അവയവം എങ്കിലും വലിയ കാര്യങ്ങളെക്കുറിച്ച് വീരവാദം പറയുന്നു. തീർച്ചയായും, ഒരു ചെറിയ തീപ്പൊരി വലിയ കാട് കത്തിക്കുന്നു; അതെ നാവും ഒരു തീ ആകുന്നു; അനീതിയുടെ ലോകം തന്നെ. അങ്ങനെ നാവും അവയവങ്ങളിൽ ഒന്നായി ശരീരത്തെ മുഴുവനും ദുഷിപ്പിക്കുകയും പ്രകൃതിചക്രത്തെ കത്തിക്കുകയും ചെയ്യുന്നു; നരകത്തിലെ തീയാൽ തന്നെ കത്തിക്കുന്നു. എല്ലാ തരം മൃഗങ്ങളും, പക്ഷികളും, ഇഴജാതികളും, ജലജന്തുക്കളും മനുഷ്യരോട് ഇണങ്ങുന്നു; ഇണക്കിയുമിരിക്കുന്നു. എന്നാൽ നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കുവാൻ സാധ്യമല്ല; അത് നിയന്ത്രിക്കുവാനാവാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്. അതേ നാവിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്‍റെ സാദൃശ്യത്തിൽ ഉണ്ടാക്കപ്പെട്ട മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്‍റെ സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് ഉചിതമല്ല. ഉറവിൻ്റെഒരേ ദ്വാരത്തിൽനിന്ന് മധുരവും കയ്പും ഉള്ള വെള്ളം പുറപ്പെട്ടു വരുമോ?

