യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു. അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല. അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു. മനുഷ്യൻ വണങ്ങുന്നു, പുരുഷൻ ലജ്ജിക്കപ്പെടുന്നു ജനങ്ങള്‍ മാനഹീനരാകുന്നു; അതിനാൽ നീ അവരോടു ക്ഷമിക്കരുതേ. യഹോവയുടെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊള്ളുക. മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം ആ ന്യായവിധി നാളിൽ ഉന്നതനായിരിക്കും. സൈന്യങ്ങളുടെ യഹോവയുടെ നാൾ അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും ഉന്നതമായ സകലഗോപുരത്തിന്മേലും ഉറപ്പുള്ള എല്ലാ മതിലിന്മേലും എല്ലാ തർശ്ശീശ് കപ്പലിന്മേലും മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും വരും. അപ്പോൾ മനുഷ്യന്‍റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും. വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും. യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്‍റെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും. അവർ നമസ്കരിക്കുവാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും. യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്‍റെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും അവർ പാറകളുടെ പിളർപ്പുകളിലും ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; അവനെ എന്ത് വിലമതിക്കുവാനുള്ളു?
യെശ. 2 വായിക്കുക
കേൾക്കുക യെശ. 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശ. 2:5-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ