യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോട് ചേർന്നുകൊള്ളും. ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്ക് കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും. യഹോവ നിന്‍റെ വ്യസനവും നിന്‍റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്‍റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നല്കുന്ന നാളിൽ നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! യഹോവ ദുഷ്ടന്മാരുടെ വടിയും ഭരണാധിപന്മാരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജനതകളെ കോപത്തോടെ ഭരിക്കുകയും ചെയ്തവനെ തന്നെ. സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു. സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ചു, “നീ വീണുകിടന്നതുമുതൽ ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു. നിന്‍റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ താഴെ പാതാളം നിന്‍റെ നിമിത്തം ഇളകിയിരിക്കുന്നു; അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജനതകളുടെ സകല രാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു. അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ?” എന്നു പറയും. നിന്‍റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്‍റെ കീഴിൽ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതപ്പായിരിക്കുന്നു.
യെശ. 14 വായിക്കുക
കേൾക്കുക യെശ. 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശ. 14:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ