ഹോശേ. 9:10-17

ഹോശേ. 9:10-17 IRVMAL

മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടിരുന്നു; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടിരുന്നു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ലജ്ജയായതിന് ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ അവരും മ്ലേച്ഛതയുള്ളവരായി. പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ എഫ്രയീമിന്‍റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും. അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്ക് അയ്യോ കഷ്ടം! ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു; എങ്കിലും എഫ്രയീം തന്‍റെ മക്കളെ ഘാതകന്‍റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും. യഹോവേ, അവർക്ക് കൊടുക്കേണമേ; നീ അവർക്ക് എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കേണമേ. അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽവച്ച് സംഭവിച്ചു; അവിടെവച്ച് ഞാൻ അവരെ വെറുത്തു; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്‍റെ ആലയത്തിൽനിന്ന് നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു. എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; അവരുടെ വേര് ഉണങ്ങിപ്പോയി; അവർ ഫലം കായിക്കുകയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും. അവർ എന്‍റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് യഹോവ അവരെ തള്ളിക്കളയും; അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.