യോസേഫ് മിസ്രയീം രാജാവായ ഫറവോന്‍റെ മുമ്പാകെ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്‍റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടു മിസ്രയീം ദേശത്തെല്ലായിടവും സഞ്ചരിച്ചു. എന്നാൽ സമൃദ്ധമായ ഏഴു വർഷവും ദേശം സമൃദ്ധിയായി വിളഞ്ഞു. മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റിലുമുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു. അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ വളരെയധികം ധാന്യം ശേഖരിച്ചു വച്ചു; അളക്കുവാൻ കഴിയായ്കയാൽ അളവു നിർത്തിവച്ചു. ക്ഷാമകാലം വരുംമുമ്പ് യോസേഫിനു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു. “എന്‍റെ സകല കഷ്ടതയും എന്‍റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി” എന്നു പറഞ്ഞു യോസേഫ് തന്‍റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു. “സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു” എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു. മിസ്രയീം ദേശത്തുണ്ടായ സമൃദ്ധിയുടെ ഏഴു വർഷം കഴിഞ്ഞപ്പോൾ യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു വർഷം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ മിസ്രയീം ദേശത്ത് എല്ലായിടത്തും ആഹാരം ഉണ്ടായിരുന്നു. പിന്നെ മിസ്രയീം ദേശത്ത് എല്ലായിടത്തും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിനായി ഫറവോനോട് നിലവിളിച്ചു; ഫറവോൻ മിസ്രയീമ്യരോടൊക്കെയും: “നിങ്ങൾ യോസേഫിന്‍റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിൻ” എന്നു പറഞ്ഞു. ക്ഷാമം ഭൂതലത്തിൽ എല്ലായിടത്തും ഉണ്ടായി; യോസേഫ് കലവറകൾ ഓരോന്നും തുറന്നു, മിസ്രയീമ്യർക്കു ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായ്തീർന്നു.
ഉല്പ. 41 വായിക്കുക
കേൾക്കുക ഉല്പ. 41
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉല്പ. 41:46-56
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ