ഉല്പ. 41:28-36

ഉല്പ. 41:28-36 IRVMAL

ദൈവം ചെയ്യുവാൻ പോകുന്നത് ഫറവോന് അവിടുന്ന് കാണിച്ചുതന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോട് പറഞ്ഞത്. മിസ്രയീം ദേശത്തൊക്കെയും അതിസമൃദ്ധിയുള്ള ഏഴു വർഷം വരും. അത് കഴിഞ്ഞിട്ട് ക്ഷാമമുള്ള ഏഴു വർഷം വരും; അപ്പോൾ മിസ്രയീം ദേശത്ത് ആ സമൃദ്ധിയെല്ലാം മറന്നുപോകും; ക്ഷാമത്താൽ ദേശം മുഴുവൻ ക്ഷയിച്ചുപോകും. പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സമൃദ്ധി പൂർണ്ണമായി വിസ്മരിക്കപ്പെടും. ഫറവോനു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്‍റെ മുമ്പാകെ സ്ഥിരമായിരിക്കുക കൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കുന്നതു കൊണ്ടും ആകുന്നു. ”ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുവനെ അന്വേഷിച്ച് മിസ്രയീം ദേശത്തിനു മേലധികാരി ആക്കി വയ്ക്കേണം. അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ നിയമിച്ച്, സമൃദ്ധിയുള്ള ഏഴു വർഷം മിസ്രയീം ദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം. ഈ വരുന്ന നല്ല വർഷങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്‍റെ അധികാരത്തിൻ കീഴിൽ ധാന്യം സൂക്ഷിച്ചുവെക്കേണം. ആ ധാന്യം മിസ്രയീം ദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുവർഷത്തേക്കു ദേശത്തിന് കരുതൽശേഖരമായിരിക്കണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല.”

ഉല്പ. 41:28-36 - നുള്ള വീഡിയോ