ഉല്പ. 41:1-40

ഉല്പ. 41:1-40 IRVMAL

രണ്ടു വർഷം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടത് എന്തെന്നാൽ: അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽ നിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപവുമായ വേറെ ഏഴു പശുക്കള്‍ നദിയിൽനിന്നു കയറി, നദീതീരത്തു മറ്റെ പശുക്കളുടെ അരികിൽ നിന്നു. മെലിഞ്ഞും വിരൂപവുമായ പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു. അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പെട്ടെന്ന് പൊങ്ങിവന്നു. അവയുടെ പിന്നാലെ ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. ശോഷിച്ച ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അത് സ്വപ്നം എന്നു അറിഞ്ഞു. പ്രഭാതത്തിൽ അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ച് വരുത്തി അവരോട് തന്‍റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി ഫറവോനോട് പറഞ്ഞത്: “ഇന്ന് ഞാൻ എന്‍റെ കുറ്റം ഓർക്കുന്നു. ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രധാനിയെയും അംഗരക്ഷാനായകൻ്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽ വ്യത്യസ്ത അർത്ഥമുള്ള സ്വപ്നങ്ങൾ കണ്ടു; അവിടെ അംഗരക്ഷാനായകൻ്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചപ്പോൾ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന് അവനവന്‍റെ സ്വപ്നത്തിന്‍റെ അർത്ഥം പറഞ്ഞുതന്നു. അവൻ അർത്ഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും യഥാസ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കൊല്ലുകയും ചെയ്തുവല്ലോ.” ഉടനെ ഫറവോൻ ആളയച്ച് യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗം തടവറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്തു, വസ്ത്രം മാറി, ഫറവോന്‍റെ അടുക്കൽ ചെന്നു. ഫറവോൻ യോസേഫിനോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; അത് വ്യാഖ്യാനിക്കുവാൻ ആരുമില്ല; എന്നാൽ ഒരു സ്വപ്നം വിവരിച്ചു കേട്ടാൽ നീ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ച് ഞാൻ കേട്ടിരിക്കുന്നു” എന്നു പറഞ്ഞു. അതിന് യോസേഫ് ഫറവോനോട്: “ഞാനല്ല ദൈവം തന്നെ ഫറവോന് ശുഭമായോരു ഉത്തരം നല്കും” എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: “എന്‍റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു. അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശുക്കൾ നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും വളരെ വിരൂപമായുമുള്ള വേറെ ഏഴു പശുക്കൾ കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീം ദേശത്ത് എങ്ങും കണ്ടിട്ടില്ല. എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിയുവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെ തന്നെ വിരൂപമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പെട്ടെന്ന് പൊങ്ങിവന്നു. അവയുടെ പിന്നാലെ ഉണങ്ങിയും ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. ശോഷിച്ച ഏഴു കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല.” അപ്പോൾ യോസേഫ് ഫറവോനോട് പറഞ്ഞത്: “ഫറവോന്‍റെ സ്വപ്നം ഒന്നുതന്നെ; ദൈവം ചെയ്യുവാൻ പോകുന്നത് ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു. ഏഴു നല്ല പശു ഏഴു വർഷം; ഏഴു നല്ല കതിരും ഏഴു വർഷം; സ്വപ്നം ഒന്നുതന്നെ. അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപവുമായ ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു വർഷം; അവ ക്ഷാമമുള്ള ഏഴു വർഷം ആകുന്നു. ദൈവം ചെയ്യുവാൻ പോകുന്നത് ഫറവോന് അവിടുന്ന് കാണിച്ചുതന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോട് പറഞ്ഞത്. മിസ്രയീം ദേശത്തൊക്കെയും അതിസമൃദ്ധിയുള്ള ഏഴു വർഷം വരും. അത് കഴിഞ്ഞിട്ട് ക്ഷാമമുള്ള ഏഴു വർഷം വരും; അപ്പോൾ മിസ്രയീം ദേശത്ത് ആ സമൃദ്ധിയെല്ലാം മറന്നുപോകും; ക്ഷാമത്താൽ ദേശം മുഴുവൻ ക്ഷയിച്ചുപോകും. പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സമൃദ്ധി പൂർണ്ണമായി വിസ്മരിക്കപ്പെടും. ഫറവോനു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്‍റെ മുമ്പാകെ സ്ഥിരമായിരിക്കുക കൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കുന്നതു കൊണ്ടും ആകുന്നു. ”ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുവനെ അന്വേഷിച്ച് മിസ്രയീം ദേശത്തിനു മേലധികാരി ആക്കി വയ്ക്കേണം. അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ നിയമിച്ച്, സമൃദ്ധിയുള്ള ഏഴു വർഷം മിസ്രയീം ദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം. ഈ വരുന്ന നല്ല വർഷങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്‍റെ അധികാരത്തിൻ കീഴിൽ ധാന്യം സൂക്ഷിച്ചുവെക്കേണം. ആ ധാന്യം മിസ്രയീം ദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുവർഷത്തേക്കു ദേശത്തിന് കരുതൽശേഖരമായിരിക്കണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല.” ഈ നിർദ്ദേശം ഫറവോനും അവന്‍റെ സകലഭൃത്യന്മാർക്കും ബോധിച്ചു. ഫറവോൻ തന്‍റെ ഭൃത്യന്മാരോട്: “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ കണ്ടുകിട്ടുമോ?” എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോട്: “ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. നീ എന്‍റെ രാജ്യത്തിനു മേലധികാരിയാകും; നിന്‍റെ വാക്ക് എന്‍റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും” എന്നു പറഞ്ഞു.

ഉല്പ. 41:1-40 - നുള്ള വീഡിയോ