ഉല്പ. 32:13-32

ഉല്പ. 32:13-32 IRVMAL

അന്നു രാത്രി അവൻ അവിടെ പാർത്തു; തന്‍റെ കൈവശം ഉള്ളതിൽ തന്‍റെ സഹോദരനായ ഏശാവിനു സമ്മാനമായിട്ട് ഇരുനൂറ് പെൺകോലാടുകളെയും ഇരുപതു ആൺകോലാടുകളെയും ഇരുനൂറ് പെൺചെമ്മരിയാടുകളെയും ഇരുപതു ആൺചെമ്മരിയാടുകളെയും കറവയുള്ള മുപ്പതു ഒട്ടകങ്ങളെയും അവയുടെ കുട്ടികളെയും നാല്പതു പശുക്കളെയും പത്തു കാളകളെയും ഇരുപതു പെൺകഴുതകളെയും പത്തു കഴുതക്കുട്ടികളെയും വേർതിരിച്ചു. തന്‍റെ ദാസന്മാരുടെ കൈവശം ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്‍റെ ദാസന്മാരോട്: “നിങ്ങൾ എനിക്ക് മുമ്പായി കടന്നുപോയി അതത് കൂട്ടത്തിനു മദ്ധ്യേ കുറച്ച് അകലം പാലിക്കുവിൻ” എന്നു പറഞ്ഞു. ഒന്നാമത് പോകുന്നവനോട് അവൻ: “എന്‍റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: ‘നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്‍റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക’ എന്നിങ്ങനെ നിന്നോട് ചോദിച്ചാൽ: ‘നിന്‍റെ ദാസൻ യാക്കോബിന്‍റെ വക ആകുന്നു; ഇത് യജമാനനായ ഏശാവിന് അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു’ എന്നു നീ പറയേണം” എന്നു കല്പിച്ചു. രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടുപോകുന്ന എല്ലാവരോടും: “നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോട് പറയുവിൻ; ‘അതാ, നിന്‍റെ ദാസൻ യാക്കോബ് പിന്നാലെ വരുന്നു’ എന്നും പറയുവിൻ” എന്നു അവൻ കല്പിച്ചു. “എനിക്ക് മുമ്പായിപോകുന്ന സമ്മാനംകൊണ്ട് അവനെ ശാന്തനാക്കിയിട്ടു പിന്നെ ഞാൻ അവന്‍റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവൻ എന്നെ സ്വീകരിച്ചേക്കും” എന്നു പറഞ്ഞു. അങ്ങനെ സമ്മാനം അവന്‍റെ മുമ്പിലായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു. ആ രാത്രിയിൽ അവൻ എഴുന്നേറ്റു, തന്‍റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു. അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിനക്കരെ കടത്തി; തനിക്കുള്ള സർവ്വവും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു; അപ്പോൾ ഒരു പുരുഷൻ പുലരുന്നതുവരെ അവനോട് ദ്വന്ദയുദ്ധം നടത്തി. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്‍റെ ഇടുപ്പുസന്ധിയിൽ തൊട്ടു; ആകയാൽ അവനോട് മല്ലുപിടിക്കുകയിൽ യാക്കോബിന്‍റെ ഇടുപ്പുസന്ധി ഉളുക്കിപ്പോയി. “എന്നെ വിടുക; നേരം പുലരുന്നുവല്ലോ” എന്നു ആ പുരുഷൻ പറഞ്ഞു. അതിന്: “അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു യാക്കോബ് പറഞ്ഞു. “നിന്‍റെ പേർ എന്ത്?” എന്നു അവൻ അവനോട് ചോദിച്ചു. അതിന്: “യാക്കോബ്” എന്നു അവൻ പറഞ്ഞു. “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്‍റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്നു അവിടുന്ന് പറഞ്ഞു. യാക്കോബ് അവിടുത്തോട്: “അങ്ങേയുടെ പേർ എനിക്ക് പറഞ്ഞുതരേണം” എന്നു അപേക്ഷിച്ചു: “നീ എന്‍റെ പേർ ചോദിക്കുന്നത് എന്ത്?” എന്നു അവൻ പറഞ്ഞു, അവിടെവച്ച് അവൻ യാക്കോബിനെ അനുഗ്രഹിച്ചു. “ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്ക് ജീവഹാനി വന്നില്ല” എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു. അവൻ പെനീയേൽ കടന്നുപോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ ഇടുപ്പിൻ്റെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു. അവൻ യാക്കോബിന്‍റെ ഇടുപ്പുസന്ധിയിലെ ഞരമ്പിൽ തൊട്ടതുകൊണ്ടു യിസ്രായേൽ മക്കൾ ഇന്നുവരെയും ഇടുപ്പുസന്ധിയിലെ ഞരമ്പു തിന്നാറില്ല.

ഉല്പ. 32:13-32 - നുള്ള വീഡിയോ