ഉല്പ. 25:21-34

ഉല്പ. 25:21-34 IRVMAL

തന്‍റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്‍റെ പ്രാർത്ഥന കേട്ടു; അവന്‍റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: “ഇങ്ങനെയായാൽ ഞാൻ എങ്ങനെ ജീവിക്കും” എന്നു പറഞ്ഞ്, യഹോവയോടു ചോദിക്കുവാൻ പോയി. യഹോവ അവളോട്: “രണ്ടു വംശങ്ങൾ നിന്‍റെ ഉദരത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്‍റെ ഉദരത്തിൽനിന്നു തന്നെ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടക്കുട്ടികൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തു വന്നു, ശരീരം മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ആയിരുന്നു; അവർ അവനു ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്‍റെ സഹോദരൻ പുറത്തു വന്നു; അവന്‍റെ കൈ ഏശാവിന്‍റെ കുതികാൽ പിടിച്ചിരുന്നു; അവനു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും കാനനസഞ്ചാരിയും യാക്കോബ് ശാന്തശീലനും കൂടാരവാസിയും ആയിരുന്നു. ഏശാവിന്‍റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കായോ യാക്കോബിനെ സ്നേഹിച്ചു. ഒരിക്കൽ യാക്കോബ് ഒരു പായസം വച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ വളരെ ക്ഷീണിതനായിരുന്നു. ഏശാവ് യാക്കോബിനോട്: “ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവനു ഏദോം (ചുവന്നവൻ) എന്നു പേരായി. “നിന്‍റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്ക് വില്‍ക്കുക” എന്നു യാക്കോബ് പറഞ്ഞു. അതിന് ഏശാവ്: “ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന്? എന്നു പറഞ്ഞു. “ഇന്ന് എന്നോട് സത്യം ചെയ്ക” എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോട് സത്യംചെയ്തു; തന്‍റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു. യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനംചെയ്ത്, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.

ഉല്പ. 25:21-34 - നുള്ള വീഡിയോ