ഉല്പ. 22:1-8

ഉല്പ. 22:1-8 IRVMAL

അതിന്‍റെശേഷം ദൈവം അബ്രാഹാമിനെ പരിശോധിച്ചത് എങ്ങനെയെന്നാൽ: “അബ്രാഹാമേ,” എന്നു വിളിച്ചു. അതിന്: “ഞാൻ ഇതാ” എന്നു അവൻ പറഞ്ഞു. അപ്പോൾ അവിടുന്ന്: “നിന്‍റെ മകനെ, നീ സ്നേഹിക്കുന്ന നിന്‍റെ ഏകജാതനായ യിസ്ഹാക്കിനെ തന്നെ കൂട്ടിക്കൊണ്ട് മോറിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം അർപ്പിക്ക” എന്നു അരുളിച്ചെയ്തു. അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്‍റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോട് കല്പിച്ച സ്ഥലത്തേക്ക് പോയി. മൂന്നാംദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു. അബ്രാഹാം ബാല്യക്കാരോട്: “നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടെവരെ ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം” എന്നു പറഞ്ഞു. അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്‍റെ മകനായ യിസ്ഹാക്കിന്‍റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ച് നടന്നു. അപ്പോൾ യിസ്ഹാക്ക് തന്‍റെ അപ്പനായ അബ്രാഹാമിനോട്: “അപ്പാ,” എന്നു പറഞ്ഞതിന് അവൻ: “എന്താകുന്നു മകനേ” എന്നു പറഞ്ഞു. “ഇതാ, തീയും വിറകുമുണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ?“ എന്നു അവൻ ചോദിച്ചു. “ദൈവം അവിടുത്തേക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ കരുതിക്കൊള്ളും, മകനേ,” എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ച് നടന്നു.

ഉല്പ. 22:1-8 - നുള്ള വീഡിയോ