ഉല്പ. 21:1-13

ഉല്പ. 21:1-13 IRVMAL

അനന്തരം യഹോവ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; അവിടുന്ന് വാഗ്ദത്തം ചെയ്തിരുന്നതുപോലെ യഹോവ സാറായ്ക്ക് നിവർത്തിച്ചുകൊടുത്തു. അബ്രാഹാമിന്‍റെ വാർദ്ധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന ആ നിശ്ചിത സമയത്ത് സാറാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. സാറാ അബ്രാഹാമിന് പ്രസവിച്ച മകന് യിസ്ഹാക്ക് എന്നു അബ്രാഹാം പേരിട്ടു. ദൈവം അബ്രാഹാമിനോട് കല്പിച്ചിരുന്നതുപോലെ അവൻ തന്‍റെ മകനായ യിസ്ഹാക്കിനെ എട്ടാം ദിവസം പരിച്ഛേദന കഴിച്ചു. തന്‍റെ മകനായ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു (100) വയസ്സായിരുന്നു. “ദൈവം എനിക്ക് സന്തോഷവും ആനന്ദവും നൽകി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും” എന്നു സാറാ പറഞ്ഞു. “സാറാ മക്കൾക്ക് മുലകൊടുക്കുമെന്ന് അബ്രാഹാമിനോട് ആർ പറയുമായിരുന്നു? അവന്‍റെ വാർദ്ധക്യത്തിലല്ലോ ഞാൻ അവനു ഒരു മകനെ പ്രസവിച്ചത്“ എന്നും അവൾ പറഞ്ഞു. പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിൻ്റെ മുലകുടി മാറിയ ദിവസം അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോട്: “ഈ ദാസിയെയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകൻ എന്‍റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത്” എന്നു പറഞ്ഞു. തന്‍റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് ഏറെ അനിഷ്ടമായി. എന്നാൽ ദൈവം അബ്രാഹാമിനോട്: “ബാലന്‍റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുത്; സാറാ നിന്നോട് പറഞ്ഞതിലൊക്കെയും അവളുടെ വാക്ക് കേൾക്കുക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്‍റെ സാക്ഷാൽ സന്തതിയെന്ന് വിളിക്കപ്പെടുന്നത്. ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കും; അവൻ നിന്‍റെ സന്തതിയല്ലോ” എന്നു അരുളിച്ചെയ്തു.

ഉല്പ. 21:1-13 - നുള്ള വീഡിയോ