ഗലാ. 1:11-24

ഗലാ. 1:11-24 IRVMAL

സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം കേവലം മാനുഷികമല്ല എന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് ഞാൻ മനുഷ്യരിൽനിന്ന് സ്വീകരിച്ചിട്ടില്ല, ഞാൻ പഠിച്ചിട്ടുമില്ല, പ്രത്യുത എന്നോടുള്ള യേശുക്രിസ്തുവിന്‍റെ വെളിപാടിനാൽ അത്രേ ഞാൻ പ്രാപിച്ചത്. യെഹൂദമതത്തിലെ എന്‍റെ മുമ്പത്തെ ജീവിതത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്‍റെ സഭയെ അത്യന്തം ഉപദ്രവിക്കുകയും അതിനെ മുടിക്കുകയും എന്‍റെ പിതൃപാരമ്പര്യത്തെക്കുറിച്ച് എനിക്ക് അത്യന്തം എരിവേറി, ഞാൻ എന്‍റെ സമപ്രായക്കാരായ യെഹൂദന്മാരിൽ പലരേക്കാളും യെഹൂദമതത്തിൽ അധികം മുന്നേറുകയും ചെയ്തുപോന്നു. എങ്കിലും എന്‍റെ അമ്മയുടെ ഉദരത്തിൽവച്ചു തന്നെ എന്നെ വേർതിരിച്ച് തന്‍റെ കൃപയാൽ എന്നെ വിളിച്ചിരിക്കുന്ന ദൈവം ഞാൻ ജനതകളുടെ ഇടയിൽ അവനെ പ്രസംഗിക്കേണ്ടതിന് പുത്രനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ മനുഷ്യരോട് ആലോചിക്കുകയോ എനിക്ക് മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്ക് പോകയോ ചെയ്യാതെ അരാബിരാജ്യത്തിലേക്ക് പോകുകയും പിന്നെ ദമസ്കൊസ് പട്ടണത്തിലേക്ക് മടങ്ങിപ്പോരുകയും ചെയ്തു. പിന്നെ മൂന്നു വർഷം കഴിഞ്ഞിട്ട് കേഫാവുമായി മുഖപരിചയമാകേണ്ടതിന് ഞാൻ യെരൂശലേമിലേക്ക് പോയി പതിനഞ്ചുദിവസം ഞാൻ അവനോടുകൂടെ പാർത്തു. എന്നാൽ കർത്താവിന്‍റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുവനെയും ഞാൻ കണ്ടില്ല. ദൈവമുമ്പിൽ ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഭോഷ്കല്ല. പിന്നെ ഞാൻ സിറിയ, കിലിക്യ ഭൂപ്രദേശങ്ങളിലേക്കു പോയി. യെഹൂദ്യപ്രദേശത്തിലുള്ള ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു; മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ തകർത്ത വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം അവർ കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.