പിന്നെ യഹോവ മോശെയോടും അഹരോനോടും: “അടുപ്പിലെ വെണ്ണീർ കൈനിറച്ച് വാരുവീൻ; മോശെ അത് ഫറവോന്‍റെ മുമ്പാകെ ആകാശത്തേക്ക് വിതറട്ടെ. അത് മിസ്രയീമിൽ എല്ലായിടത്തും ധൂളിയായി പാറി മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവാകും” എന്നു കല്പിച്ചു. അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്‍റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്ക് വിതറിയപ്പോൾ അത് മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു. പരുനിമിത്തം മന്ത്രവാദികൾക്ക് മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ മിസ്രയീമ്യർക്കും ഉണ്ടായിരുന്നു. എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല. അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ്, ഫറവോന്‍റെ മുമ്പാകെ നിന്ന് അവനോട് പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്ക. സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്നു നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്‍റെ ബാധകളൊക്കെയും നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെമേലും നിന്‍റെ ജനത്തിന്മേലും അയയ്ക്കും. ഇപ്പോൾ തന്നെ ഞാൻ എന്‍റെ കൈ നീട്ടി നിന്നെയും നിന്‍റെ ജനത്തെയും മാരകമായ പകർച്ചവ്യാധികളാൽ പീഡിപ്പിച്ച് നിന്നെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയുമായിരുന്നു. എങ്കിലും എന്‍റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്‍റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു. എന്‍റെ ജനത്തെ അയയ്ക്കാതെ നീ ഇപ്പോഴും ഗർവ്വോടുകൂടി അവരെ തടഞ്ഞുനിർത്തുന്നു. മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്ത് പെയ്യിക്കും. അതുകൊണ്ട് ഇപ്പോൾ ആളയച്ച് നിന്‍റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്ത് വരുത്തിക്കൊള്ളുക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യൻ്റെയും മൃഗത്തിൻ്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാവുകയും ചെയ്യും. ഫറവോന്‍റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു. എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നെ നിർത്തിയിരുന്നു. പിന്നെ യഹോവ മോശെയോട്: “മിസ്രയീമിൽ എല്ലായിടത്തും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീമിലെ സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്‍റെ കൈ ആകാശത്തേക്ക് നീട്ടുക” എന്നു കല്പിച്ചു. മോശെ തന്‍റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ മിസ്രയീമിന്മേൽ കല്മഴ പെയ്യിച്ചു. ഇങ്ങനെ കല്മഴയും കല്മഴയോടു കൂടി വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീമിൽ ജനവാസം തുടങ്ങിയതുമുതൽ ഇതുപോലെ ഉണ്ടായിട്ടില്ല. മിസ്രയീമിൽ എല്ലായിടത്തും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ആയിരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു. യിസ്രായേൽ മക്കൾ പാർത്ത ഗോശെൻദേശത്ത് മാത്രം കല്മഴ ഉണ്ടായില്ല.
പുറ. 9 വായിക്കുക
കേൾക്കുക പുറ. 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറ. 9:8-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ