യഹോവ പിന്നെയും മോശെയോട്: “യിസ്രായേൽ മക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെ ഒക്കെയും എനിക്കായി ശുദ്ധീകരിക്കുക; അത് എനിക്കുള്ളതാകുന്നു” എന്നു കല്പിച്ചു; അപ്പോൾ മോശെ ജനത്തോട് പറഞ്ഞത്: “നിങ്ങൾ അടിമവീടായ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊള്ളുവിൻ; യഹോവ ബലമുള്ള കൈകൊണ്ട് നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു; അതുകൊണ്ട് പുളിപ്പുള്ള അപ്പം തിന്നരുത്. ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ടു പോന്നു. എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്ന് നിന്‍റെ പിതാക്കന്മാരോട് സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്ക് നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമ്മം ആചരിക്കേണം. ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആയിരിക്കേണം. ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്‍റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്‍റെ ദേശത്തെങ്ങും പുളിച്ചമാവും കാണരുത്. ഞാൻ മിസ്രയീമിൽ നിന്ന് പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി പ്രവർത്തിച്ച കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്നു നീ ആ ദിവസത്തിൽ നിന്‍റെ മകനോട് അറിയിക്കേണം. യഹോവയുടെ ന്യായപ്രമാണം നിന്‍റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇത് നിനക്കു നിന്‍റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കേണം. ബലമുള്ള കൈകൊണ്ടാണ് യഹോവ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചത്. അതുകൊണ്ട് നീ വർഷംതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ഈ നിയമം ആചരിക്കേണം. “യഹോവ നിന്നോടും നിന്‍റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്ത് കൊണ്ടുചെന്ന് അത് നിനക്കു തരുമ്പോൾ കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽ പിറവിയെ ഒക്കെയും നീ യഹോവയ്ക്കായി വേർതിരിക്കേണം; അതിലെ ആൺകുട്ടികൾ എല്ലാം യഹോവയ്ക്കുള്ളതാകുന്നു. എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ എല്ലാം ആട്ടിൻകുട്ടിയെക്കൊണ്ട് വീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്‍റെ കഴുത്ത് ഒടിച്ചുകളയേണം. നിന്‍റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളേണം. “എന്നാൽ ഇതെന്തെന്ന് നാളെ നിന്‍റെ മകൻ നിന്നോട് ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ട് അടിമവീടായ മിസ്രയീമിൽ നിന്ന് ഞങ്ങളെ പുറപ്പെടുവിച്ചു; ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ട് ഞങ്ങളെ വിട്ടയയ്ക്കാതിരുന്നപ്പോൾ യഹോവ മിസ്രയീമിൽ നിന്ന് മനുഷ്യന്‍റെ കടിഞ്ഞൂൽ മുതൽ മൃഗത്തിന്‍റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽ പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ട് കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുന്നു; എന്നാൽ എന്‍റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു. ഇത് നിന്‍റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ട് മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു എന്നു നീ അവനോട് പറയേണം.”
പുറ. 13 വായിക്കുക
കേൾക്കുക പുറ. 13
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറ. 13:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ