സഭാ. 9:4-12

സഭാ. 9:4-12 IRVMAL

ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ള ഏതൊരുവനും പ്രത്യാശക്ക് വകയുണ്ട്; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതാണല്ലോ. ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു. അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യനുകീഴിൽ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല. നീ ചെന്നു സന്തോഷത്തോടുകൂടി അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്കുക; ദൈവം നിന്‍റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ. നിന്‍റെ വസ്ത്രം എല്ലായ്‌പ്പോഴും വെള്ളയായിരിക്കട്ടെ; നിന്‍റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ. സൂര്യനുകീഴിൽ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായ ആയുഷ്കാലത്ത് നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടി നിന്‍റെ ആയുഷ്കാലമെല്ലാം സന്തോഷിച്ചുകൊൾക; അതല്ലയോ ഈ ആയുസ്സിൽ സൂര്യന്‍റെ കീഴിൽ നീ ചെയ്യുന്ന സകലപ്രയത്നത്തിലും നിനക്കുള്ള ഓഹരി. നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല. പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്. മനുഷ്യൻ തന്‍റെ കാലം അറിയുന്നില്ലല്ലോ; വലയിൽ പെട്ടുപോയ മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെട്ട പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്ന് വരുന്ന ദുഷ്കാലത്ത് കെണിയിൽ കുടുങ്ങിപ്പോകുന്നു.