സഭാ. 5:8-15

സഭാ. 5:8-15 IRVMAL

ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. കൃഷിതൽപരനായ രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരി ആയിരിക്കുന്നു. രാജാവുപോലും ആ വിളവിൽനിന്ന് ഭക്ഷണം കഴിക്കുന്നു. ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. സമൃദ്ധിയിൽ കണ്ണുള്ളവന് ആദായം വർദ്ധിച്ചിട്ടും തൃപ്തി വരുന്നില്ല. അതും മായ തന്നെ. വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്‍റെ ഉടമസ്ഥന് കണ്ണുകൊണ്ട് കാണുകയല്ലാതെ മറ്റെന്തു പ്രയോജനം? അദ്ധാനിക്കുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്‍റെ ഉറക്കം സുഖകരമാകുന്നു; ധനവാന്‍റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല. സൂര്യനുകീഴിൽ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിനായി സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്ത് തന്നെ. ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്‍റെ കയ്യിൽ ഒന്നും ഉണ്ടാകുകയില്ല. അവൻ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നെ മടങ്ങിപ്പോകും; തന്‍റെ പ്രയത്നത്തിന്‍റെ ഫലമായി അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.