ബാബേൽരാജാവായ ബേൽശസ്സരിന്‍റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു; അവന് കിടക്കയിൽവച്ച് ദർശനങ്ങൾ ഉണ്ടായി. അവൻ സ്വപ്നം എഴുതി കാര്യത്തിന്‍റെ സാരം വിവരിച്ചു. ദാനീയേൽ വിവരിച്ചു പറഞ്ഞത്: “ഞാൻ രാത്രിയിൽ എന്‍റെ ദർശനത്തിൽ കണ്ടത് ഇപ്രകാരം ആയിരുന്നു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്‍റെ നേരെ അടിക്കുന്നത് ഞാൻ കണ്ടു. അപ്പോൾ വ്യത്യസ്തങ്ങളായ നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്ന് കയറി വന്നു. “ഒന്നാമത്തെ മൃഗം സിംഹത്തോട് സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിന്‍റെ ചിറകുകൾ പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു ഉയർത്തി, മനുഷ്യനെപ്പോലെ ഇരുകാലുകളിൽ നിർത്തി, അതിന് മാനുഷഹൃദയവും കൊടുത്തു. “രണ്ടാമത് കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അത് ഒരു പാർശ്വം ഉയർത്തി, വായിൽ പല്ലിന്‍റെ ഇടയിൽ മൂന്നു വാരിയെല്ലുകൾ കടിച്ചുപിടിച്ചുകൊണ്ട് നിന്നു; അവർ അതിനോട്: ‘എഴുന്നേറ്റ് മാംസം ധാരാളം തിന്നുക’ എന്നു പറഞ്ഞു. “പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു; അതിന്‍റെ മുതുകത്ത് പക്ഷിയുടെ നാലു ചിറകുകളുണ്ടായിരുന്നു; മൃഗത്തിന് നാലു തലയും ഉണ്ടായിരുന്നു; അതിന് ആധിപത്യം ലഭിച്ചു. “രാത്രിദർശനത്തിൽ ഞാൻ പിന്നെ ഘോരവും ഭയങ്കരവും ബലശാലിയുമായ നാലാമതൊരു മൃഗത്തെ കണ്ടു; അതിന് വലിയ ഇരിമ്പുപല്ലുകൾ ഉണ്ടായിരുന്നു; അത് തിന്നുകയും തകർക്കുകയും ചെയ്തിട്ട് ശേഷിച്ചത് കാൽ കൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവച്ച് ഇത് വ്യത്യാസമുള്ളതായിരുന്നു; അതിന് പത്തു കൊമ്പുകൾ ഉണ്ടായിരുന്നു. “ഞാൻ ആ കൊമ്പുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പ് മുളച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നെണ്ണം വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്‍റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു. “ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അവർ ന്യായാസനങ്ങൾ വച്ചു. കാലാതീതനായ ഒരുവൻ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്ന് പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന് ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരംപേർ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു. “കൊമ്പ് സംസാരിച്ച നിഗളവാക്കുകളുടെ ശബ്ദം നിമിത്തം ഞാൻ അപ്പോൾ നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്‍റെ ഉടൽ നശിപ്പിച്ച് തീയിൽ ഇട്ടു ചുട്ടുകളയുകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു. ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന് നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സ് ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.
ദാനീ. 7 വായിക്കുക
കേൾക്കുക ദാനീ. 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ദാനീ. 7:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ