ദാനീ. 1:1-8

ദാനീ. 1:1-8 IRVMAL

യെഹൂദാ രാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽരാജാവായ നെബൂഖദ്-നേസർ യെരൂശലേമിലേക്ക് വന്ന് അതിനെ നിരോധിച്ചു. കർത്താവ് യെഹൂദാ രാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്‍റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതും അവന്‍റെ കയ്യിൽ ഏല്പിച്ചു; അവൻ ആ പാത്രങ്ങൾ ശിനാർദേശത്ത് തന്‍റെ ദേവന്‍റെ ക്ഷേത്രത്തിൽ കൊണ്ടുപോയി; അവ അവൻ തന്‍റെ ദേവന്‍റെ ഭണ്ഡാരഗൃഹത്തിൽ വച്ചു. അനന്തരം രാജാവ് തന്‍റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോട്: “യിസ്രായേൽ മക്കളിൽ രാജവംശത്തിലുള്ളവരും കുലീനന്മാരും, അംഗഭംഗമില്ലാത്തവരും, സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണരും, സമർത്ഥരും, വിദ്യാപരിജ്ഞാനികളും, രാജധാനിയിൽ പരിചരിക്കുവാൻ യോഗ്യരും ആയ ചില ബാലന്മാരെ വരുത്തി, അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിക്കുക” എന്നു കല്പിച്ചു. രാജാവ് അവർക്ക് രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു വര്‍ഷം പരിശീലിപ്പിച്ചശേഷം അവർ രാജസന്നിധിയിൽ നില്ക്കേണം എന്നും കല്പിച്ചു. അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാമക്കൾ ഉണ്ടായിരുന്നു. ഷണ്ഡാധിപൻ അവർക്ക് പുതിയ പേരുകൾ നൽകി; ദാനീയേലിന് അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു. എന്നാൽ രാജാവിന്‍റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു; തനിക്കു അശുദ്ധി ഭവിക്കുവാൻ ഇടവരുത്തരുതെന്ന് ഷണ്ഡാധിപനോട് അപേക്ഷിച്ചു.