അനന്തരം കർത്താവിന്‍റെ ദൂതൻ ഫിലിപ്പൊസിനോട്: “നീ എഴുന്നേറ്റ് തെക്കോട്ട് യെരൂശലേമിൽനിന്ന് ഗസയ്ക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക” എന്നു പറഞ്ഞു. അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന എത്യോപ്യാരാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിനും മേൽവിചാരകനുമായ ഒരു എത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ട് മടങ്ങിപ്പോരുമ്പോൾ തേരിൽ ഇരുന്ന് യെശയ്യാപ്രവാചകന്‍റെ പുസ്തകം വായിക്കുകയായിരുന്നു. ആത്മാവ് ഫിലിപ്പൊസിനോട്: “നീ അടുത്തുചെന്നു തേരിനോട് ചേർന്നുനടക്ക” എന്നു പറഞ്ഞു. ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്‍റെ പുസ്തകം അവൻ വായിക്കുന്നതു കേട്ടു: “നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന്: “ഒരുവൻ ശരിയായി വിവരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും” എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു. തിരുവെഴുത്തിൽ ഈ ഭാഗം ആയിരുന്നു അവൻ വായിച്ചിരുന്നത് “അറുക്കുവാനുള്ള ആടിനേപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവൻ്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്‍റെ താഴ്ചയിൽ അവനു ന്യായം കിട്ടാതെ പോയി; അവന്‍റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽനിന്നു അവന്‍റെ ജീവനെ എടുത്തുകളയുന്നുവല്ലോ.” ഷണ്ഡൻ ഫിലിപ്പൊസിനോട്: “ഇത് പ്രവാചകൻ ആരെക്കുറിച്ച് പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം” എന്നു അപേക്ഷിച്ചു. ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുവാൻ തുടങ്ങി. അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളൊരു സ്ഥലത്ത് എത്തിയപ്പോൾ ഷണ്ഡൻ: “ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിൽനിന്ന് എന്ത് എന്നെ തടസ്സപ്പെടുത്തുന്നു?” എന്നു പറഞ്ഞു. അതിന് ഫിലിപ്പൊസ്: “നീ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം” എന്നു പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.
പ്രവൃത്തികൾ 8 വായിക്കുക
കേൾക്കുക പ്രവൃത്തികൾ 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പ്രവൃത്തികൾ 8:26-38
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ