പ്രവൃത്തികൾ 7:1-21

പ്രവൃത്തികൾ 7:1-21 IRVMAL

“ഈ കാര്യങ്ങൾ സത്യം തന്നെയോ” എന്നു മഹാപുരോഹിതൻ ചോദിച്ചതിന് സ്തെഫാനൊസ് പറഞ്ഞത്: “സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾക്കുവിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിലേക്ക് പോയി താമസിക്കുന്നതിന് മുമ്പെ, മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തന്നെ, തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി: ‘നിന്‍റെ ദേശത്തെയും നിന്‍റെ സ്വന്ത ജനത്തേയും വിട്ട് ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്ക് ചെല്ലുക’ എന്നു പറഞ്ഞു. അങ്ങനെ അബ്രാഹാം കല്ദയരുടെ ദേശംവിട്ട് ഹാരാനിൽ വന്ന് പാർത്തു. അബ്രാഹാമിന്‍റെ പിതാവ് മരിച്ചശേഷം ദൈവം അവനെ അവിടെനിന്ന് നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്ന് പാർപ്പിച്ചു. ആ സമയത്ത് ദൈവം അവനു അതിൽ കാലുകുത്തുവാൻ ഒരടി നിലംപോലും അവകാശമായി കൊടുത്തില്ല; എന്നാൽ അവനു സന്തതിയില്ലാതിരിക്കെ അവനും അവന്‍റെ ശേഷം അവന്‍റെ സന്തതിയ്ക്കും ആ ദേശം കൈവശമായി നല്കുമെന്ന് അവനോട് വാഗ്ദത്തം ചെയ്തു. അവന്‍റെ സന്തതി അന്യദേശത്ത് ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറ് (400) വര്‍ഷം കഷ്ടപ്പെടുത്തും എന്നിങ്ങനെ ദൈവം അവനോട് പറഞ്ഞു. ‘അവരെ അടിമകളാക്കിയ ജനതയെ ഞാൻ ന്യായംവിധിക്കും; അതിന്‍റെശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ ആരാധിക്കും’ എന്നു ദൈവം അരുളിച്ചെയ്തു. “പിന്നെ ദൈവം അബ്രാഹാമിന് പരിച്ഛേദനയെന്ന ഉടമ്പടി കൊടുത്തു; അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു, എട്ടാം നാൾ അവനെ പരിച്ഛേദന ചെയ്തു. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ടു ഗോത്രപിതാക്കന്മാരും ജനിച്ചു. ഗോത്രപിതാക്കന്മാർക്ക് യോസേഫിനോടുള്ള അസൂയനിമിത്തം അവർ അവനെ മിസ്രയീമിലേക്ക് വിറ്റുകളഞ്ഞു. എന്നാൽ ദൈവം അവനോടുകൂടെ ഇരുന്ന് അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്‍റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: ഫറവോൻ അവനെ മിസ്രയീമിനും തന്‍റെ സർവ്വഗൃഹത്തിനും അധിപതിയാക്കി വച്ചു. എന്നാൽ മിസ്രയീംദേശത്തിലും കനാനിലുമെല്ലാം ക്ഷാമവും മഹാകഷ്ടവും വന്നസമയത്ത് നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി. അപ്പോൾ മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അങ്ങോട്ട് അയച്ചു. രണ്ടാം പ്രാവശ്യം യോസേഫ് തന്‍റെ സഹോദരന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി; യോസേഫിന്‍റെ കുടുംബം ഫറവോനും അറിവായ് വന്നു. യോസേഫ് സഹോദരന്മാരെ തിരിച്ചയച്ച് തന്‍റെ പിതാവായ യാക്കോബിനോട് തന്‍റെ കുടുംബത്തെ ഒക്കെയും മിസ്രയീമിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ പറഞ്ഞു. അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു. യാക്കോബ് മിസ്രയീമിലേക്ക് പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു, അവരെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ എമ്മോരിൻ്റെ മക്കളോട് അബ്രാഹാം വിലകൊടുത്ത് വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു. “ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ പെരുകിയിരുന്നു. ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു. ആ രാജാവ് നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ കഷ്ടപ്പെടുത്തുകയും, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതിരിപ്പാൻ തക്കവണ്ണം അവരെ ഉപേക്ഷിക്കുവാനും നിര്‍ബ്ബന്ധിച്ചു. “ആ കാലത്ത് മോശെ ജനിച്ചു; അവൻ ദൈവത്തിന്‍റെ മുമ്പാകെ അതിസുന്ദരനായിരുന്നു, അവനെ മൂന്നു മാസം തന്‍റെ അപ്പന്‍റെ വീട്ടിൽ പോറ്റിവളർത്തി. പിന്നെ അവനെ പുറത്തുകളഞ്ഞപ്പോൾ ഫറവോന്‍റെ മകൾ അവനെ എടുത്ത് തന്‍റെ സ്വന്തം മകനായി വളർത്തി.