പ്രവൃത്തികൾ 27:27-44

പ്രവൃത്തികൾ 27:27-44 IRVMAL

പതിനാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരയ്ക്ക് സമീപിക്കുന്നു എന്നു കപ്പൽക്കാർക്ക് തോന്നി. അവർ ഈയം ഇട്ടു ഇരുപതു മാറെന്ന് കണ്ടു; കുറച്ച് അപ്പുറം പോയിട്ട് വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്ന് കണ്ടു. പാറ സ്ഥലങ്ങളിൽ ഇടിക്കുമോ എന്നു പേടിച്ച് അവർ അമരത്തുനിന്ന് നാലു നങ്കൂരം ഇട്ടു, വേഗം നേരം വെളുപ്പാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്ന് നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: “ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്ക് രക്ഷപെടുവാൻ കഴിയുന്നതല്ല” എന്നു പറഞ്ഞു. പടയാളികൾ തോണിയുടെ കയറ് അറുത്ത് അത് വീഴിച്ചുകളഞ്ഞു. നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: “നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ട് പട്ടിണി കിടക്കുന്നത് ഇന്ന് പതിനാലാം ദിവസം ആകുന്നുവല്ലോ. അതുകൊണ്ട് ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളിൽ ഒരുവന്‍റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിയിട്ട് നുറുക്കി തിന്നുതുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യപ്പെട്ട് ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആൾ ഉണ്ടായിരുന്നു. അവർ തിന്ന് തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്‍റെ ഭാരം കുറച്ചു. വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്ക് ഓടിക്കേണം എന്നു ഭാവിച്ചു. നങ്കൂരം അറുത്ത് കടലിൽ വിട്ട് ചുക്കാൻ്റെ കെട്ടും അഴിച്ച് പെരുമ്പായ് കാറ്റുമുഖമായി ഉയർത്തിക്കെട്ടി കരയ്ക്ക് നേരെ ഓടി. ഇരുകടൽ കൂടിയൊരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞ്, അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ ശക്തിയാൽ ഉടഞ്ഞുപോയി. തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു. ശതാധിപനോ പൗലൊസിനെ രക്ഷിക്കാൻ ആഗ്രഹിച്ചിട്ട് അവരുടെ ആലോചനയെ തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരയ്ക്ക് പറ്റുവാനും ശേഷമുള്ളവർ പലകമേലും കപ്പലിന്‍റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും സുരക്ഷിതരായി കരയിൽ എത്തി.