പ്രവൃത്തികൾ 26:12-23

പ്രവൃത്തികൾ 26:12-23 IRVMAL

“ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്ക് യാത്രപോകുമ്പോൾ, രാജാവേ, നട്ടുച്ചയ്ക്ക് ഞാൻ വഴിയിൽവച്ച് സൂര്യന്‍റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നത് കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തുവീണപ്പോൾ: ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിൻ്റെ നേരെ എതിരിടുന്നത് നിനക്കു പ്രയാസം ആകുന്നു’ എന്നു എബ്രായഭാഷയിൽ എന്നോട് പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. ‘നീ ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചതിന് കർത്താവ്: ‘നീ ഉപദ്രവിക്കുന്ന യേശു തന്നെ ഞാൻ; എങ്കിലും എഴുന്നേറ്റ് നിവിർന്നുനിൽക്ക; ഇപ്പോൾ നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്കു കാണിക്കുവാനിരിക്കുന്നതായ കാര്യങ്ങൾക്കും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ തന്നെ ഞാൻ നിനക്കു പ്രത്യക്ഷനായി. യെഹൂദാജനത്തിൻ്റെയും ജാതികളുടെയും കയ്യിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണ് തുറപ്പാനും അവരെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തിൽനിന്ന് ദൈവത്തിങ്കലേക്കും തിരിപ്പാനും അങ്ങനെ അവർക്ക് പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു’ എന്നു കല്പിച്ചു. “അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന് അനുസരണക്കേട് കാണിക്കാതെ ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് തിരിഞ്ഞ് മാനസാന്തരത്തിന് യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു. ഇത് നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ച് കൊല്ലുവാൻ ശ്രമിച്ചു. എന്നാൽ ദൈവത്തിന്‍റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞ് പോരുകയും ചെയ്യുന്നു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി, യഹൂദജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കുകയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ച് പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല.”