പ്രവൃത്തികൾ 21:10-20

പ്രവൃത്തികൾ 21:10-20 IRVMAL

ഞങ്ങൾ അവിടെ ചില ദിവസങ്ങൾ താമസിച്ചുകൊണ്ടിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽവന്ന് പൗലോസിന്‍റെ അരക്കച്ച എടുത്ത് തന്‍റെ സ്വന്തം കൈകാലുകളെ കെട്ടി: “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജനതകളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവ് പറയുന്നു” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ യെരൂശലേമിൽ പോകരുത് എന്നു പൗലോസിനോട് ഞങ്ങളും അവിടത്തുകാരും അപേക്ഷിച്ചു. അതിന് പൗലൊസ്: “നിങ്ങൾ കരഞ്ഞ് എന്‍റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിന്‍റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിക്കുവാനും ഞാൻ ഒരുങ്ങിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിക്കാൻ കഴിയാതെവന്നപ്പോൾ: “കർത്താവിന്‍റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞ് ഞങ്ങൾ മിണ്ടാതിരുന്നു. അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ യാത്രയ്ക്ക് ഒരുങ്ങി യെരൂശലേമിലേക്ക് പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, ഞങ്ങൾ താമസിക്കേണ്ടിയിരുന്നത് കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു ആദ്യകാല ശിഷ്യനോടുകൂടെയായിരുന്നു. അതുകൊണ്ട് അവർ അവനെയും കൂടെക്കൊണ്ടു പോന്നു. യെരൂശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. പിറ്റെന്ന് പൗലൊസും ഞങ്ങളും യാക്കോബിന്‍റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി. പൗലോസ് അവരെ വന്ദനം ചെയ്തു, തന്‍റെ ശുശ്രൂഷയാൽ ദൈവം ജനതകളുടെ ഇടയിൽ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചു പറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോട് പറഞ്ഞത്: “സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ട് എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണം അനുസരിക്കുവാൻ തീരുമാനിച്ചിരിക്കുന്നവരുമാകുന്നു.