പ്രവൃത്തികൾ 2:38-47

പ്രവൃത്തികൾ 2:38-47 IRVMAL

പത്രൊസ് അവരോട്: “നിങ്ങൾ നിങ്ങളുടെ പാപസ്വഭാവങ്ങളെ വിട്ടുമാറി യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനമേൽപ്പിൻ; എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും പരിശുദ്ധാത്മാവ് എന്ന ദാനം നൽകുകയുംചെയ്യും. ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ” എന്നു പറഞ്ഞു. മറ്റ് പല വാക്കുകളാലും പത്രൊസ് സാക്ഷ്യം പറഞ്ഞ് അവരെ പ്രബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിക്കപ്പെടുവിൻ” എന്നു പറഞ്ഞു. അവന്‍റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോട് ചേർന്നു. അവർ തുടർച്ചയായി അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടനുസരിച്ചും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നതുകൊണ്ട് എല്ലാവർക്കും ഭയമായി. വിശ്വസിച്ചവർ എല്ലാവരും ഒരു സമൂഹമായിരുന്ന് തങ്ങൾക്കുള്ളതെല്ലാം പൊതുവക എന്നു എണ്ണുകയും തങ്ങളുടെ വസ്തുവകകളും കൈവശമുള്ളവയും വിറ്റ് ഓരോരുത്തർക്കും ആവശ്യമുള്ളതുപോലെ എല്ലാം പങ്കിടുകയും, ഒരുമനപ്പെട്ട് ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീടുകളിൽ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസത്തോടും ഹൃദയപരമാർത്ഥതയോടും കൂടെ ഭക്ഷണം കഴിക്കുകയും ദൈവത്തെ സ്തുതിക്കുകയും സകലജനത്തിൻ്റെയും പ്രീതി അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു.