പ്രവൃത്തികൾ 2:1-24

പ്രവൃത്തികൾ 2:1-24 IRVMAL

പെന്തെക്കൊസ്ത് ദിനത്തിൽ അവർ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു. അഗ്നിജ്വാലപോലുള്ള പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞു. അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. അന്നു ആകാശത്തിൻ കീഴിലുള്ള സകലരാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു. ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, തങ്ങളോരോരുത്തരുടെയും ഭാഷയിൽ അപ്പൊസ്തലന്മാർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി. എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു പറഞ്ഞത്: “ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ? പർത്ഥരും മേദ്യരും ഏലാമ്യരും മെസൊപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും ഫ്രുഗ്യയയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്ക് ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്ന് വന്ന് പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അരാബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്‍റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്നു പറഞ്ഞു. എല്ലാവരും പരിഭ്രമിച്ച്, ചഞ്ചലിച്ചുകൊണ്ട്; “ഇത് എന്തായിരിക്കും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു. “ഇവർ പുതുവീഞ്ഞ് കുടിച്ച് ലഹരിപിടിച്ചിരിക്കുന്നു” എന്നു മറ്റ് ചിലർ പരിഹസിച്ച് പറഞ്ഞു. അപ്പോൾ പത്രൊസ് മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞത്: “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, എന്‍റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ;. നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ. ഇത് യോവേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: ‘അന്ത്യകാലത്ത് ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നെ. കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും’ എന്നു ദൈവം അരുളിച്ചെയ്യുന്നു. യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നെ അറിയുംപോലെ ദൈവം യേശു മുഖാന്തരം നിങ്ങളുടെ നടുവിൽ ചെയ്യിച്ച മഹത്തായ പ്രവർത്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു അവൻ നിങ്ങൾക്ക് ഉറപ്പിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ അവൻ മുന്നമേ അറിഞ്ഞ് തീരുമാനിച്ചതുപോലെ നിങ്ങൾക്ക് ഏല്പിച്ചു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു; എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു.