പ്രവൃത്തികൾ 17:1-9

പ്രവൃത്തികൾ 17:1-9 IRVMAL

പൗലോസും ശീലാസും അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി യാത്രചെയ്ത് തെസ്സലോനീക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലൊസ് താൻ പതിവായി ചെയ്യാറുള്ളതുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്ത് ദിവസങ്ങളിൽ തിരുവെഴുത്തുകളെ ആധാരമാക്കി യേശു തന്നെ ക്രിസ്തു എന്നു അവരോട് സംവാദിച്ചു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നും, ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശു തന്നെ ക്രിസ്തു എന്നും തെളിയിച്ചും വിവരിച്ചും കൊണ്ടിരുന്നു. കേൾവിക്കാരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ട് വിശ്വസിച്ച് പൗലൊസിനോടും ശീലാസിനോടും ചേർന്നു. യെഹൂദന്മാരോ അസൂയപൂണ്ട്, ചന്തസ്ഥലത്ത് മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്ത് പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോൻ്റെ വീട് വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു. പൗലൊസിനെയും ശീലാസിനെയും കാണാഞ്ഞിട്ട് യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് വലിച്ച് ഇഴച്ചുകൊണ്ട്: “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; യാസോൻ അവരെ സ്വീകരിച്ചും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ട് കൈസരുടെ നിയമങ്ങൾക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നു” എന്നു നിലവിളിച്ചു. ഇത് കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും അസ്വസ്ഥരായി. പിന്നീട് യാസോൻ മുതലായവരോട് ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.