പ്രവൃത്തികൾ 12:1-7

പ്രവൃത്തികൾ 12:1-7 IRVMAL

ആ കാലത്ത് ഹെരോദാരാജാവ് സഭയിൽ ചിലരെ അപായപ്പെടുത്തേണ്ടതിന് പദ്ധതിയിട്ടു. യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ട് കൊന്നു. അത് യെഹൂദന്മാർക്ക് ഇഷ്ടമായി എന്നു തിരിച്ചറിഞ്ഞ ഹെരോദാവ് പത്രൊസിനെയും പിടിക്കുവാൻ നിർദ്ദേശിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ ആയിരുന്നു. അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ട് ജനത്തിന്‍റെ മുമ്പിൽ നിർത്തുവാൻ ഭാവിച്ച് തടവിലാക്കി, കാക്കുവാൻ നാലു പേരടങ്ങുന്ന പടയാളികൾ ഉളള നാലു കൂട്ടത്തിനെ ഏല്പിച്ചു. ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഹെരോദാവ് അവനെ ജനത്തിന്‍റെ മുമ്പിൽ നിർത്തുവാൻ തീരുമാനിച്ചതിൻ്റെ തലേരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്‍റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു. ക്ഷണത്തിൽ കർത്താവിന്‍റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയ്ക്കുള്ളിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രോസിന്‍റെ വശത്ത് തട്ടി: “വേഗം എഴുന്നേൽക്ക” എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്‍റെ ചങ്ങല കൈമേൽനിന്ന് അഴിഞ്ഞു വീണു.