പ്രവൃത്തികൾ 1:3-11

പ്രവൃത്തികൾ 1:3-11 IRVMAL

യേശു തന്‍റെ കഷ്ടാനുഭവത്തിനുശേഷം വീഴ്ചകൂടാത്ത തെളിവുകളിലൂടെ താൻ അവർക്ക് തന്നെത്താൻ വെളിപ്പെട്ടതും, നാല്പത് നാളുകൾ അവർക്ക് കാണപ്പെട്ടതും ദൈവരാജ്യ സംബന്ധമായ കാര്യങ്ങളെപ്പറ്റി അവരോട് സംസാരിച്ചിരുന്നതുമായ സംഗതികളെക്കുറിച്ചും ആയിരുന്നുവല്ലോ. അങ്ങനെ യേശു അവരുമായി കൂടിയിരുന്നപ്പോൾ അവരോട് കല്പിച്ചത്; “നിങ്ങൾ യെരൂശലേം വിട്ട് പോകാതെ, എന്നില്‍നിന്നും കേട്ടതുപോലെ പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം, യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു, എന്നാല്‍ ഇനി കുറച്ചുനാളുകൾക്കുള്ളിൽ നിങ്ങൾ പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ചെയ്യപ്പെടും.” ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: “കർത്താവേ, നീ യിസ്രായേലിനു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനപ്പെടുത്തുന്നത്?” എന്നു ചോദിച്ചു. അവൻ അവരോട്: “പിതാവ് തന്‍റെ സ്വന്ത അധികാരത്തിൽ നിര്‍ണയിച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല. എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളില്‍ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികൾ ആകും.” കര്‍ത്താവായ യേശു ഇത് പറഞ്ഞശേഷം അവർ കാൺകെ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്ക് മറഞ്ഞു. അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ശ്രദ്ധയോടെ നോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്ന്: “അല്ലയോ ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്ക് നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും” എന്നു പറഞ്ഞു.