2 ശമു. 9

9
ദാവീദും മെഫീബോശെത്തും
1പിന്നീട് ദാവീദ്: “ഞാൻ യോനാഥാന്‍റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൗലിന്‍റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?” എന്നു അന്വേഷിച്ചു. 2എന്നാൽ ശൗലിന്‍റെ ഭവനത്തിൽ സീബാ എന്നു പേരുള്ള ഒരു ദാസൻ ഉണ്ടായിരുന്നു; അവർ അവനെ ദാവീദിന്‍റെ അടുക്കൽ വിളിച്ചുവരുത്തിയപ്പോൾ രാജാവ് അവനോട്: “നീ സീബയോ?” എന്നു ചോദിച്ചു.
“അടിയൻ” എന്നു അവൻ പറഞ്ഞു.
3“ഞാൻ ദൈവത്തിന്‍റെ ദയ കാണിക്കേണ്ടതിന് ശൗലിന്‍റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ?” എന്നു രാജാവ് ചോദിച്ചതിന്:
“രണ്ടു കാലും മുടന്തായിട്ട് യോനാഥാന്‍റെ ഒരു മകൻ ഉണ്ട്” എന്നു സീബാ രാജാവിനോടു പറഞ്ഞു.
4“അവൻ എവിടെ?” എന്നു രാജാവ് ചോദിച്ചതിന്:
“ലോദെബാരിൽ അമ്മീയേലിന്‍റെ മകനായ മാഖീരിന്‍റെ വീട്ടിലുണ്ട്” എന്നു സീബാ രാജാവിനോടു പറഞ്ഞു.
5അപ്പോൾ ദാവീദ്‌ രാജാവ് ആളയച്ച്, ലോദെബാരിൽനിന്ന് അമ്മീയേലിന്‍റെ മകനായ മാഖീരിന്‍റെ വീട്ടിൽനിന്ന് അവനെ വരുത്തി. 6ശൗലിന്‍റെ മകനായ യോനാഥാന്‍റെ മകൻ മെഫീബോശെത്ത് ദാവീദിന്‍റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന്
“അടിയൻ” എന്നു അവൻ ഉത്തരം പറഞ്ഞു.
7ദാവീദ് അവനോട്: “ഭയപ്പെടണ്ടാ; നിന്‍റെ അപ്പനായ യോനാഥാൻ നിമിത്തം ഞാൻ നിന്നോട് നിശ്ചയമായി ദയകാണിച്ച് നിന്‍റെ പിതാവിന്‍റെ അപ്പനായ ശൗലിന്‍റെ നിലം മുഴുവനും നിനക്ക് മടക്കിത്തരും; നീയോ നിത്യം എന്‍റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.
8അവൻ നമസ്കരിച്ചുകൊണ്ട്: “ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ അങ്ങ് കടാക്ഷിക്കുവാൻ അടിയൻ എന്തുള്ളു?” എന്നു പറഞ്ഞു.
9അപ്പോൾ രാജാവ് ശൗലിന്‍റെ ദാസനായ സീബയെ വിളിപ്പിച്ച് അവനോട് കല്പിച്ചത്: “ശൗലിനും അവന്‍റെ സകലഭവനത്തിനും ഉള്ളതെല്ലാം ഞാൻ നിന്‍റെ യജമാനന്‍റെ മകന് കൊടുത്തിരിക്കുന്നു. 10നീയും നിന്‍റെ പുത്രന്മാരും വേലക്കാരും നിന്‍റെ യജമാനന്‍റെ മകന് ഭക്ഷിക്കുവാൻ ആഹാരം ഉണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കേണം; എന്നാൽ നിന്‍റെ യജമാനന്‍റെ മകനായ മെഫീബോശെത്ത് നിത്യവും എന്‍റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും.” സീബയ്ക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.
11“എന്‍റെ യജമാനനായ രാജാവ് അടിയനോട് കല്പിക്കുന്നതെല്ലാം അടിയൻ ചെയ്യും” എന്നു സീബാ രാജാവിനോട് പറഞ്ഞു.
ദാവീദ്: “മെഫീബോശെത്തോ, രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ എന്‍റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളും” എന്നു പറഞ്ഞു.
12മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേര്. സീബയുടെ വീട്ടിൽ ഉള്ളവരെല്ലാം മെഫീബോശെത്തിന് ദാസന്മാരായ്ത്തീർന്നു. 13ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ വസിച്ചു രാജാവിന്‍റെ മേശയിൽ ഭക്ഷണം കഴിച്ചുപോന്നു; അവനു കാൽ രണ്ടും മുടന്തായിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ശമു. 9: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക