2 ശമു. 24:4-15

2 ശമു. 24:4-15 IRVMAL

എങ്കിലും യോവാബിനും പടനായകന്മാർക്കും രാജാവിന്‍റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽ ജനത്തെ എണ്ണുവാൻ രാജസന്നിധിയിൽ നിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻ കടന്ന് ഗാദ് താഴ്വരയുടെ മദ്ധ്യത്തിൽ ഉള്ള പട്ടണത്തിന് വലത്തുവശത്ത് അരോവേരിലും യസേരിനു നേരെയും കൂടാരം അടിച്ചു. പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു; പിന്നെ അവർ സോർകോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാ പട്ടണങ്ങളിലും ചെന്നിട്ട് യെഹൂദായുടെ തെക്കുഭാഗത്ത് ബേർ-ശേബയിലേക്ക് പുറപ്പെട്ടു. ഇങ്ങനെ അവർ ദേശത്തെല്ലായിടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിൽ എത്തി. യോവാബ് ജനത്തെ എണ്ണിയതിന്‍റെ ആകെത്തുക രാജാവിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു. എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്‍റെ മനഃസാക്ഷി അവനെ അലട്ടിയപ്പോൾ അവൻ യഹോവയോട്: “ഞാൻ ഈ ചെയ്തത് മഹാപാപം; എന്നാൽ ഇപ്പോൾ, യഹോവേ, അടിയന്‍റെ കുറ്റം ക്ഷമിക്കേണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി” എന്നു പറഞ്ഞു. ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്‍റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ: “നീ ചെന്നു ദാവീദിനോട്: ‘ഞാൻ മൂന്നു കാര്യം നിന്‍റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്ന് തിരഞ്ഞെടുത്തുകൊള്ളുക; അത് ഞാൻ നിന്നോട് ചെയ്യും എന്നിങ്ങനെ യഹോവ അരുളിച്ചെയ്യുന്നു’ എന്നു പറയുക.” ഗാദ് ദാവീദിന്‍റെ അടുക്കൽ ചെന്നു അവനോട് അറിയിച്ചു: “നിന്‍റെ ദേശത്ത് ഏഴു വർഷത്തെ ക്ഷാമം ഉണ്ടാകണമോ? അല്ലെങ്കിൽ മൂന്നുമാസം ശത്രുക്കൾ നിന്നെ പിന്തുടരുമ്പോൾ നീ നിന്‍റെ ശത്രുക്കളുടെ മുമ്പിൽനിന്ന് ഓടിപ്പോകണമോ? അല്ലെങ്കിൽ നിന്‍റെ ദേശത്ത് മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകണമോ? എന്തുവേണം? എന്നെ അയച്ചവനോട് ഞാൻ മറുപടി പറയേണ്ടതിന് നീ ആലോചിച്ചുനോക്കുക” എന്നു പറഞ്ഞു. ദാവീദ് ഗാദിനോട്: “ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യിൽ തന്നെ വീഴുക; അവന്‍റെ കരുണ വലിയതല്ലോ; മനുഷ്യന്‍റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു പറഞ്ഞു. അങ്ങനെ യഹോവ യിസ്രായേലിന്മേൽ രാവിലെ തുടങ്ങി നിശ്ചയിച്ച സമയംവരെ മഹാമാരി അയച്ചു; ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരംപേർ മരിച്ചുപോയി.