ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാണിത്: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നെ. അവന്‍റെ ശേഷം ഒരു അഹോഹ്യന്‍റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന് കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടി നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. അവൻ എഴുന്നേറ്റ് കൈതളർന്ന് വാളോട് പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയ ഒരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്‍റെ അടുക്കൽ മടങ്ങിവന്നുള്ളു. അവന്‍റെ ശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ള ഒരു വയലിൽ കവർച്ചക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. അവൻ വയലിന്‍റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി. അങ്ങനെ യഹോവ വലിയ ഒരു ജയം നല്കി. മുപ്പതു നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്ത് അദുല്ലാംഗുഹയിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫയീം താഴ്വരയിൽ പാളയമിറങ്ങിയിരുന്നു. അന്ന് ദാവീദ് കോട്ടയിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് ബേത്ലേഹേമിൽ അക്കാലത്ത് ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു. “ബേത്ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽ നിന്നു വെള്ളം എനിക്ക് കുടിക്കുവാൻ ആര്‍ കൊണ്ടുവന്നു തരും” എന്നു ദാവീദ് വാഞ്ഛയോടെ പറഞ്ഞു. അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്ന് ബേത്ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ അവൻ അത് കുടിക്കുവാൻ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു: “യഹോവേ, അവരുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? ഇത് ചെയ്യുവാൻ എനിക്ക് ഇടയാകരുതേ” എന്നു പറഞ്ഞു. അത് കുടിക്കുവാൻ അവന് മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തത്. യോവാബിന്‍റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ പ്രധാനി ആയിരുന്നു. അവൻ തന്‍റെ കുന്തം മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂന്നുപേരിൽവച്ച് കീർത്തി പ്രാപിച്ചു. ആ മൂന്നുപേരിൽ അബീശായി ആയിരുന്നു മാനം ഏറിയവൻ. അതുകൊണ്ട് അവൻ അവർക്ക് തലവനായിത്തീർന്നു. എങ്കിലും അവൻ ആദ്യത്തെ മൂന്നുപേരോളം വരുകയില്ല. കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ സിംഹതുല്യരും അരീയേലിന്‍റെ പുത്രന്മാരുമായ രണ്ടു വീരന്മാരെ കൊന്നതുകൂടാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നു. അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്‍റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; എന്നാൽ അവൻ ഒരു വടിയുംകൊണ്ട് അവന്‍റെ അടുക്കൽ ചെന്നു മിസ്രയീമ്യന്‍റെ കയ്യിൽനിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു. ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു. അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരുകയില്ല. ദാവീദ് അവനെ തന്‍റെ അംഗരക്ഷകരുടെ നായകനാക്കി.
2 ശമു. 23 വായിക്കുക
കേൾക്കുക 2 ശമു. 23
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ശമു. 23:8-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ