അവർ ഇരുവരും യോർദ്ദാൻ നദിക്കരികെ നിന്നു. അമ്പതു പ്രവാചകഗണം ദൂരെ അവർക്ക് അഭിമുഖമായി നിന്നു. അപ്പോൾ ഏലീയാവ് തന്‍റെ പുതപ്പ് എടുത്തു ചുരുട്ടി വെള്ളത്തെ അടിച്ചു; വെള്ളം രണ്ടായി പിരിഞ്ഞു; അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു. അവർ അക്കരെ കടന്നശേഷം ഏലീയാവ് എലീശയോട്: “ഞാൻ നിന്‍റെ അടുത്തു നിന്ന് എടുക്കപ്പെടും മുമ്പെ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചു കൊൾക” എന്നു പറഞ്ഞു. അതിന് എലീശാ: “നിന്‍റെ ആത്മാവിന്‍റെ ഇരട്ടി പങ്ക് എന്‍റെ മേൽ വരുമാറാകട്ടെ” എന്നു പറഞ്ഞു. അതിന് അവൻ: “നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിന്‍റെ ആഗ്രഹം സഫലമാകും; അല്ലെങ്കിൽ അതു സംഭവിക്കുകയില്ല” എന്നു പറഞ്ഞു. ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി. എലീശാ അതു കണ്ടിട്ട്: “എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളും” എന്നു നിലവിളിച്ചു; പിന്നെ ഏലീയാവിനെ കണ്ടില്ല; അപ്പോൾ അവൻ തന്‍റെ വസ്ത്രം രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു. പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങി യോർദ്ദാനരികെ ചെന്നു നിന്നു. ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു: “ഏലീയാവിന്‍റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അവൻ വെള്ളത്തെ അടിച്ചപ്പോൾ യോർദാൻ രണ്ടായി പിരിഞ്ഞു. എലീശാ ഇക്കരെ കടന്നു. യെരീഹോവിൽ അവനു അഭിമുഖമായി നിന്നിരുന്ന പ്രവാചകഗണം അവനെ കണ്ടിട്ട്: “ഏലീയാവിന്‍റെ ആത്മാവ് എലീശയുടെമേൽ അധിവസിക്കുന്നു” എന്നു പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു.
2 രാജാ. 2 വായിക്കുക
കേൾക്കുക 2 രാജാ. 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 രാജാ. 2:7-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ