1 തിമൊ. 6:3-11

1 തിമൊ. 6:3-11 IRVMAL

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ഉറപ്പുള്ള വചനത്തോടും ഭക്തിക്കൊത്ത ഉപദേശത്തോടും യോജിക്കാതെ ആരെങ്കിലും വ്യത്യസ്തമായി ഉപദേശിച്ചാൽ, അവൻ ഒന്നും തിരിച്ചറിയാതെ അഹങ്കാരത്താൽ ചീർത്ത്, തർക്കത്തിനും വാഗ്വാദത്തിനും വേണ്ടി അനാരോഗ്യപരമായ ആർത്തി പിടിച്ചവനായിരിക്കുന്നു; അവയാൽ അസൂയ, പിണക്കം, ദൂഷണം, ദുസ്സംശയം എന്നിവയും, ദുർബ്ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ ഇടയിൽ തുടർമാനമായ കലഹവും ഉളവാകുന്നു; അവർ ദൈവഭക്തി ആദായമാർഗം എന്നു വിചാരിക്കുന്നു. എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും. എന്തെന്നാൽ ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ നാം സംതൃപ്തർ ആകുന്നു. എന്നാൽ ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യരെ സംഹാരത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ചിന്താശൂന്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. എന്തെന്നാൽ ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും മൂലകാരണമല്ലോ. ചിലർ ഇത് വാഞ്ചിച്ചിട്ട് വിശ്വാസം വിട്ടകന്ന് ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു. എന്നാൽ ദൈവമനുഷ്യനായ നീ, ഈ വക കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.