1 പത്രൊ. 2:1-9

1 പത്രൊ. 2:1-9 IRVMAL

അതുകൊണ്ട് സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും അപവാദങ്ങളും നീക്കിക്കളഞ്ഞ് ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയിൽ വളരുവാൻ വചനം എന്ന മായമില്ലാത്ത ആത്മീയ പാൽ കുടിക്കുവാൻ വാഞ്ചിപ്പിൻ. തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നതുപോലെ കർത്താവ് ദയയുള്ളവൻ എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ. മനുഷ്യർ തള്ളിയതെങ്കിലും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും, വിലയേറിയവനുമായ ജീവനുള്ള കല്ലായ ക്രിസ്തുവിന്‍റെ അടുക്കൽ വന്നിട്ട് നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് പ്രസാദമുള്ള ആത്മികയാഗം അർപ്പിക്കുന്ന വിശുദ്ധ പുരോഹിതവർഗ്ഗമാകേണ്ടതിന് പണിയപ്പെടുന്നു. “ഇതാ ഞാൻ വിലയേറിയതും തിരഞ്ഞെടുക്കപ്പെട്ടതുമായൊരു മൂലക്കല്ല് സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിതനാകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ. വിശ്വസിക്കുന്ന നിങ്ങൾക്ക് ആ ആദരവുണ്ട്; “വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് തന്നെ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.” തിരുവെഴുത്ത് വീണ്ടും പറയുന്നു അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന് അവരെ നിയമിച്ചുമിരിക്കുന്നു. എന്നാൽ നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്‍റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.