1 കൊരി. 10:23-30

1 കൊരി. 10:23-30 IRVMAL

എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്തം ഗുണമല്ല, മറ്റുള്ളവൻ്റെ ഗുണം അന്വേഷിക്കട്ടെ. കടയിൽ വിൽക്കുന്നത് എല്ലാം മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ കഴിക്കുവിൻ. ഭൂമിയും അതിന്‍റെ പൂർണ്ണതയും കർത്താവിനുള്ളതല്ലോ. അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിക്കുകയും, നിങ്ങൾക്ക് പോകുവാൻ മനസ്സുമുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ ഭക്ഷിക്കുവിൻ. എങ്കിലും ഒരുവൻ: ഇത് വിഗ്രഹാർപ്പിതം എന്നു നിങ്ങളോട് പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷി നിമിത്തവും തിന്നരുത്. മനസ്സാക്ഷി എന്നു ഞാൻ പറയുന്നത് നിങ്ങളുടേതല്ല, അത് മറ്റവൻ്റേതത്രേ. എന്തെന്നാൽ, എന്‍റെ സ്വാതന്ത്ര്യം മറ്റൊരുവൻ്റെ മനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്? സ്തോത്രത്തോടെ ഞാൻ അനുഭവിക്കുന്നുവെങ്കിൽ, സ്തോത്രംചെയ്ത ഭക്ഷണം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നത് എന്തിന്?