ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്ത് ക്ഷാമം ഉണ്ടായി; യെഹൂദായിലെ ബേത്‍ലഹേമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‍ദേശത്ത് പരദേശിയായി പാർപ്പാൻ പോയി. അവന് എലീമേലെക് എന്നും ഭാര്യക്കു നൊവൊമി എന്നും രണ്ടു പുത്രന്മാർക്ക് മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ യെഹൂദായിലെ ബേത്‍ലഹേമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു; അവർ മോവാബ്‍ദേശത്തു ചെന്ന് അവിടെ താമസിച്ചു. എന്നാൽ നൊവൊമിയുടെ ഭർത്താവായ എലീമേലെക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു. അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു. പിന്നെ മഹ്ലോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ട് ആ സ്ത്രീ മാത്രം ശേഷിച്ചു. യഹോവ തന്റെ ജനത്തെ സന്ദർശിച്ച് ആഹാരം കൊടുത്തപ്രകാരം അവൾ മോവാബ്‍ദേശത്തുവച്ചു കേട്ടിട്ട് മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാൻ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു. അങ്ങനെ അവൾ മരുമക്കളുമായി പാർത്തിരുന്ന സ്ഥലം വിട്ട് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി. എന്നാൽ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയ ചെയ്യുമാറാകട്ടെ. നിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന് യഹോവ നിങ്ങൾക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞ് അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു. അവർ അവളോട്: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു. അതിനു നൊവൊമി പറഞ്ഞത്: എന്റെ മക്കളേ, നിങ്ങൾ മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന് എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?
രൂത്ത് 1 വായിക്കുക
കേൾക്കുക രൂത്ത് 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: രൂത്ത് 1:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ