അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നൊരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്നുതന്നെ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നത് കാണിച്ചുതന്നു. അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിനു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു. അതിന് പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ട്; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ട്. കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറ് മൂന്നു ഗോപുരം. നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ട്. എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന് പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു. നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നെ. അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന് എന്നുവച്ചാൽ ദൂതന്റെ അളവിനു തന്നെ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു. മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു. നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേത് മാണിക്യം, നാലാമത്തേത് മരതകം, അഞ്ചാമത്തേത് നഖവർണി, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് പീതരത്നം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം. പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്ത്; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു. മന്ദിരം അതിൽ കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.
വെളിപ്പാട് 21 വായിക്കുക
കേൾക്കുക വെളിപ്പാട് 21
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: വെളിപ്പാട് 21:10-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ