വെളിപ്പാട് 18:9-19

വെളിപ്പാട് 18:9-19 MALOVBSI

അവളോടുകൂടെ വേശ്യാസംഗം ചെയ്തു പുളച്ചിരിക്കുന്ന ഭൂരാജാക്കന്മാർ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ട് അവളുടെ ദഹനത്തിന്റെ പുക കാണുമ്പോൾ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു: അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും. ഭൂമിയിലെ വ്യാപാരികൾ പൊന്ന്, വെള്ളി, രത്നം, മുത്ത്, നേരിയതുണി, ധൂമ്രവസ്ത്രം, പട്ട്, കടുംചുവപ്പ്, ചന്ദനത്തരങ്ങൾ, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരുമ്പും മർമരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം, ലവംഗം, ഏലം, ധൂപവർഗം, മൂറ്, കുന്തുരുക്കം, വീഞ്ഞ്, എണ്ണ, നേരിയ മാവ്, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്ക് ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്ക് ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല. ഈ വകകൊണ്ടു വ്യാപാരം ചെയ്ത് അവളാൽ സമ്പന്നരായവർ അവൾക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തു നിന്നു: അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവർണവും കടുംചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്ര വലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും. ഏതു മാലുമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പൽക്കാരും കടലിൽ തൊഴിൽ ചെയ്യുന്നവരൊക്കെയും ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്റെ പുക കണ്ട്: മഹാനഗരത്തോടു തുല്യമായ നഗരം ഏത് എന്നു നിലവിളിച്ചുപറഞ്ഞു. അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്: അയ്യോ, അയ്യോ, കടലിൽ കപ്പലുള്ളവർക്ക് എല്ലാം തന്റെ ഐശ്വര്യത്താൽ സമ്പത്ത് വർധിപ്പിച്ച മഹാനഗരം ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞ് കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു.

വെളിപ്പാട് 18:9-19 - നുള്ള വീഡിയോ