വെളിപ്പാട് 13:1-10

വെളിപ്പാട് 13:1-10 MALOVBSI

അപ്പോൾ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളൊരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നത് ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിനു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. മൃഗത്തിന് അധികാരം കൊടുത്തതുകൊണ്ട് അവർ മഹാസർപ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുതുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിനു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു. അത് ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിനായി വായ്തുറന്നു. വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിപ്പാനും അതിന് അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു. ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികളൊക്കെയും അതിനെ നമസ്കരിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. അടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും: ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ട് ആവശ്യം.

വെളിപ്പാട് 13:1-10 - നുള്ള വീഡിയോ