വെളിപ്പാട് 11:1-6

വെളിപ്പാട് 11:1-6 MALOVBSI

പിന്നെ ദണ്ഡുപോലെയുള്ള ഒരു കോൽ എന്റെ കൈയിൽ കിട്ടി കല്പന ലഭിച്ചത്: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക. ആലയത്തിനു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അത് ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തിരണ്ടു മാസം ചവിട്ടും. അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുംകൊണ്ട് ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും. അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് ഒലിവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു. ആരെങ്കിലും അവർക്കു ദോഷം ചെയ്‍വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽനിന്നു തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും. അവരുടെ പ്രവചനകാലത്തു മഴ പെയ്യാതവണ്ണം ആകാശം അടച്ചുകളവാൻ അവർക്ക് അധികാരം ഉണ്ട്. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകല ബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ട്.