സങ്കീർത്തനങ്ങൾ 88:9-18

സങ്കീർത്തനങ്ങൾ 88:9-18 MALOVBSI

എന്റെ കണ്ണ് കഷ്ടത ഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലർത്തുകയും ചെയ്യുന്നു. നീ മരിച്ചവർക്ക് അദ്ഭുതങ്ങൾ കാണിച്ചു കൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ. ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണിക്കുമോ? അന്ധകാരത്തിൽ നിന്റെ അദ്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ? എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർഥന തിരുസന്നിധിയിൽ വരുന്നു. യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്? നിന്റെ മുഖത്തെ എനിക്കു മറച്ചുവയ്ക്കുന്നതും എന്തിന്? ബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു. നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങൾ എന്നെ സംഹരിച്ചിരിക്കുന്നു. അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു. സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാർ അന്ധകാരമത്രേ.