സങ്കീർത്തനങ്ങൾ 78:10-22

സങ്കീർത്തനങ്ങൾ 78:10-22 MALOVBSI

അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു. അവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അദ്ഭുതങ്ങളെയും മറന്നുകളഞ്ഞു. അവൻ മിസ്രയീംദേശത്ത്, സോവാൻ വയലിൽവച്ച് അവരുടെ പിതാക്കന്മാർ കാൺകെ, അദ്ഭുതം പ്രവർത്തിച്ചു. അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽക്കൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി. പകൽസമയത്ത് അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. അവൻ മരുഭൂമിയിൽ പാറകളെ പിളർന്ന് ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിപ്പാൻ കൊടുത്തു. പാറയിൽനിന്ന് അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. എങ്കിലും അവർ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവച്ചു മത്സരിച്ചുകൊണ്ടിരുന്നു. തങ്ങളുടെ കൊതിക്ക് ഭക്ഷണം ചോദിച്ചുകൊണ്ട് അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ? അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവനു കഴിയുമോ? തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു. ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരേ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരേ കോപവും പൊങ്ങി. അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നെ.