സങ്കീർത്തനങ്ങൾ 38:15-22

സങ്കീർത്തനങ്ങൾ 38:15-22 MALOVBSI

യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും. അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരേ വമ്പു പറയുമല്ലോ. ഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു. എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകയ്ക്കുന്നവർ പെരുകിയിരിക്കുന്നു. ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മയ്ക്കുപകരം തിന്മ ചെയ്യുന്നു. യഹോവേ, എന്നെ കൈവിടരുതേ: എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ. എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനു വേഗം വരേണമേ.