സങ്കീർത്തനങ്ങൾ 25:8-21

സങ്കീർത്തനങ്ങൾ 25:8-21 MALOVBSI

യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവഴി കാണിക്കുന്നു. സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു. യഹോവേ, എന്റെ അകൃത്യം വലിയത്; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ. യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവനു കാണിച്ചുകൊടുക്കും. അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽ നിന്നു വിടുവിക്കും. എങ്കലേക്കു തിരിഞ്ഞ് എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു. എനിക്കു മനഃപീഡകൾ വർധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ. എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകല പാപങ്ങളും ക്ഷമിക്കേണമേ. എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു; എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ. നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.