സങ്കീർത്തനങ്ങൾ 18:31-42

സങ്കീർത്തനങ്ങൾ 18:31-42 MALOVBSI

യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളൂ? എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്റെ വഴി കുറവു തീർക്കുകയും ചെയ്യുന്ന ദൈവം തന്നെ. അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു. അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു. നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലംകൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വയ്ക്കേണ്ടതിന് നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല. ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. അവർക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു. യുദ്ധത്തിനായി നീ എന്റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു. എന്നെ പകയ്ക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി. അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല. ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു.